സുഭാഷിതരത്നാകരം

ഹരി ഓം
ഓം ശ്രീ മഹാത്രിപുരസുന്ദര്യൈ നമ:

എല്ലാ സഹോദരീ സഹോദരന്മാർക്കും ആത്മപ്രണാമം.

             സുഭാഷിതരത്നാകരം.
             *********************

മഹാകവി കെ.സി.കേശവപിള്ള രചിച്ച് കൊല്ലവർഷം 1075-ൽ (1900-ൽ) പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിതരത്നാകരം. ഇത് വാസ്തവത്തിൽ സുഭാഷിതങ്ങളാകുന്ന രത്നങ്ങളുടെ ഒരു ആകരം തന്നെയാകുന്നു. ദൈവത്തിന്റെ മഹിമ ,വിസ്മനീയങ്ങളായഗതിവിശേഷങ്ങൾ, സ്ത്രീ വിദ്യാഭ്യാസം, പാതിവ്രത്യം, ദേഹ സൗഖ്യത്തിനുള്ള മാർഗ്ഗങ്ങൾ, വ്യായാമം, മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും നേർക്കുള്ള ഭക്തി, തുടങ്ങിയ പല വിഷയങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിൽ സഹജങ്ങളായ സമ്പത്ത്, ദാരിദ്ര്യം, മരണം, എന്നീ അവസ്ഥകളും, അത്യന്താവശ്യകങ്ങളായ നന്ദി, ദയ എന്നീ ഗുണവിശേഷങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. ജന്തുക്കളോടുള്ള ക്രൂരത, പണത്തിലുള്ള അതിമോഹം, അസൂയ എന്നീ നികൃഷ്ടങ്ങളായിരിക്കുന്ന ദുർഗുണങ്ങള
പ്രത്യേകം നിഷേധിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ
ജീവിതം, ജനസമുദായം, ദേശാചാരം, മനുഷ്യ സ്വഭാവം, നമുക്കുണ്ടാകേണ്ട ഉൽകൃഷ്ട ഉദ്ദേശ്യങ്ങൾ എന്നു വേണ്ട ജ്ഞാനക്ഷേമ സംപാദനാർത്ഥം മനുഷ്യനാൽ ചെയ്യപ്പെടുന്ന പ്രയത്നത്തിൽ സരസവും ഉത്സാഹജനകവും ആയി എന്തെല്ലാമുണ്ടോ ആയതിനെയെല്ലാം പ്രസ്താവിക്കുന്നു. ആകയാൽ സ്വല്പ പദങ്ങളിൽ അർത്ഥഗർഭങ്ങളായുള്ള ഈ ശ്ലോകങ്ങൾ പഠിച്ച് കഴിയുന്നത്ര ജീവിതത്തിൽ പകർത്തുന്നത് നമ്മെ മഹത്തുക്കളും, യാദൃശ്ചികമായ ദു:ഖങ്ങളെ നേരിടുന്നതിൽ കരുത്തരാക്കി തീർക്കുകയും ചെയ്യും. ആരുടെ ജന്മം കൊണ്ടാണോ കുലത്തിന്, വംശത്തിന്, ശോഭയുണ്ടാകുന്നത് അവന്റെ ജന്മമാണ് യഥാർത്ഥജന്മം.മറ്റുള്ളവരെല്ലാം മൃതതുല്യർ മാത്രമാണ്.

" കിം തേന ജാതു ജാതേന മാതുർ യൗവന ഹാരിണാ?
ആരോഹതി ന യ :സ്വസ്യ വംശസ്യാഗ്രേ
ധ്വജോ യഥാ ''
(പഞ്ചതന്ത്രം)
തന്റെ വംശത്തിന്റെ കീർത്തി വർധിപ്പിക്കുന്ന, സ്തംഭത്തിൽ ധ്വജമെന്ന പോലെ വർത്തിക്കുന്നവനത്രേ ധീരൻ. മറ്റുള്ളവരുടെ ജന്മം അമ്മയുടെ യൗവനവും സൗന്ദര്യവും നശിപ്പിക്കാൻ മാത്രം.

"യജ്ജീവ്യതേ ക്ഷണമപി പ്രഥിതം മനു ഷ്യൈർ -
വിജ്ഞാനശൗര്യവിഭവാര്യ ഗുണൈ: സമേതം
തന്നാമ ജീവിതമിഹ പ്രവദന്തി തജ്ഞാ:
കാകോപി ജീവതി ചിരായ ബലിം ച ഭുങ്ങ്ക്തേ "

വിജ്ഞാനം, ശൗര്യം, സമ്പത്ത്, മറ്റ് ശ്രേഷ്ഠ ഗുണങ്ങൾ ഇവയെല്ലാം ആർജിച്ചു കൊണ്ട് ഒരു നിഷമെങ്കിലും ജീവിക്കുന്നതാണ് യഥാർത്ഥജീവിതം.ബലിക്കാക്കകളെപ്പോലെ അനേക വർഷം ജീവിച്ചിട്ടെന്താണ് കാര്യം?

"ഗുണിഗണഗണനാരംഭേ ന പതതി കഠിനീ
സസംഭ്രമാ യസ്യ
തേനാംബാ യദി സുതിനീ വദ വന്ധ്യാ
കീദൃശീ ഭവതി"

ഗുണവാന്മാരെക്കുറിച്ച് എണ്ണുമ്പോൾ ആരുടെ പേര് ഉച്ചരിക്കുമ്പോൾ വിരലുകൾ മടങ്ങുന്നില്ലയോ അവന്റെ അമ്മ വന്ധ്യയല്ലെങ്കിൽ പിന്നെയാരാണ് വന്ധ്യ?
അതിനാൽ എന്റെ പ്രിയപ്പെട്ടവരേ, ജീവിതം ഒന്നേയുള്ളൂ. എപ്പോഴാണ് ഈ ജീവിതയാത്ര അവസാനിക്കുന്നതെന്ന് നമുക്ക് നിശ്ചയമില്ല. ഈ അനന്തമായ
 കാലത്തിനിടയിൽ ഇവിടെ വന്നു പോകുന്ന വഴിയാത്രക്കാരാണ് നാം. ഈ ജീവിതം വെറുതെ പാഴാക്കിക്കളയാതെ സത് ചിന്തകളാലും സത്പ്രവൃത്തികളാലും ലോകത്തിന് മാതൃകയാകേണ്ടതാണ്. അധമന്മാർക്ക് മാർഗ്ഗദർശനമായും അഗതികൾക്ക് ആശ്രയമായും ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാകുക. വീണ്ടും പറയട്ടെ, ഒരുവൻ ജനിച്ചതിലൂടെ അവന്റെ കുലത്തിനും സമൂഹത്തിനും ഉതക്കർഷത്തിന് ഇടയാകുന്നുവെങ്കിൽ മാത്രമേ അവന്റെ ജന്മം സഫലമായിത്തീരുന്നുള്ളൂ. അത് തന്നെയാണ് യഥാർത്ഥ ജന്മം. നന്മ എന്താണെന്നറിഞ്ഞശേഷവും അത് ചെയ്യാതിരിക്കുന്നത് ഭീരുത്വമാണ്. അതിനാൽ ഉണരൂ, എഴുന്നേൽക്കൂ
'ക്ഷുദ്രം ഹൃദയ ദൗർബല്യം ത്യക്തോത്തിഷ്ഠ പരംതപ'
ക്ഷുദ്രമായ ഹൃദയ ദൗർബല്യങ്ങളെ വലിച്ചെറിഞ്ഞ് കർമ്മധീരനാകൂ... സ്വധർമ്മനിഷ്ഠനാകൂ.. പാകപ്പെടുത്താത്ത നിലം പോലെ പാകമാകാത്ത മനസ്സും നല്ല ഫലം നൽകുന്നില്ല. അതിനാൽ ഈ സുഭാഷിതങ്ങൾ നിങ്ങൾക്കേവർക്കും സഹായകമാവട്ടെ.

ഈ ഗ്രന്ഥത്തിലെ ഏതാനും സുഭാഷിതങ്ങൾ അടുത്ത ദിവസം മുതൽ പോസ്റ്റ് ചെയ്യുന്നതാണ്.
എല്ലാവർക്കും ശ്രീ മഹാ ത്രിപുര സുന്ദരിയുടെ അനുഗ്രഹങ്ങളുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.
ദേവീചരണസ്മരണയോടെ,

സ്നേഹാദരങ്ങളോടെ വിനയപൂർവ്വം

കേശവൻ നമ്പൂതിരി.

                          ധന്യവാദ്.

Comments

Popular posts from this blog

പരദേവതാ സങ്കല്പം

കൗളം - ഒന്നാം ഭാഗം

രാമായണ പഠനം